കൊച്ചി: ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്‍റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.
കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടത്.
പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്‍റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്‍റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്‍റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.